ബാഗേജ് പ്രവര്‍ത്തനം
ഒരു മിഡില്‍ സ്കൂള്‍ അധ്യാപികയായ കാരെന്, പരസ്പരം എങ്ങനെ നന്നായി മനസ്സിലാക്കാമെന്നു വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായി ഒരു പ്രവര്‍ത്തനം തയ്യാറാക്കി. 'ബാഗേജ് ആക്റ്റിവിറ്റി' യില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ വഹിക്കുന്ന ചില വൈകാരിക ഭാരം എഴുതി. കുറിപ്പുകള്‍ പേരെഴുതാതെ പരസ്പരം പങ്കിട്ടു. വിദ്യാര്‍ത്ഥികള്‍ക്കു പരസ്പരം ബുദ്ധിമുട്ടുകളെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു ഇത്. കുറിപ്പുകള്‍ വായിച്ച സഹപാഠികള്‍ കണ്ണുനീരോടെയാണു പ്രതികരിച്ചത്. ഇപ്പോള്‍ ആ കൗമാരക്കാര്‍ പരസ്പരം കൂടുതല്‍ സഹാനുഭൂതി പുലര്‍ത്തുന്നതിനാല്‍, പരസ്പരബഹുമാനത്തിന്റെ ആഴത്തിലുള്ള ബോധം ക്ലാസ്മുറിയില്‍ നിറഞ്ഞിരിക്കുന്നു.
പരസ്പരം അന്തസ്സോടെ പെരുമാറാനും മറ്റുള്ളവരുമായുള്ള ആശയവിനിമയത്തില്‍ സഹാനുഭൂതി കാണിക്കാനും ബൈബിളിലുടനീളം ദൈവം തന്റെ ജനത്തെ ഉപദേശിച്ചിട്ടുണ്ട് (റോമര്‍ 12:15). ലേവ്യാപുസ്തകത്തിലെന്നപോലെ, യിസ്രായേലിന്റെ ആദ്യകാലചരിത്രത്തില്ത്തന്നെ സഹാനുഭൂതി കാണിക്കുന്നതിനെക്കുറിച്ച് ദൈവം യിസ്രായേല്യരെ ചൂണ്ടിക്കാണിച്ചിട്ടുണ്ട് - പ്രത്യേകിച്ചും പരദേശികളോടുള്ള പെരുമാറ്റത്തില്‍. 'നിന്നെപ്പോലെ തന്നേ സ്നേഹിക്കണം'' എന്നു ദൈവം പറഞ്ഞു, കാരണം അവരും മിസ്രയീമില്‍ പരദേശികളായിരുന്നു, അതിന്റെ കാഠിന്യം അടുത്തറിഞ്ഞിരുന്നു (ലേവ്യാപുസ്തകം 19:34).
ചില സമയങ്ങളില്‍ നാം വഹിക്കുന്ന ഭാരം, നമ്മുടെ സ്വന്തജനത്തിന്റെ ഇടയില്‍പ്പോലും നാം പരദേശികള്‍ - ഏകാന്തരും തെറ്റിദ്ധരിക്കപ്പെട്ടവരും - ആണെന്ന തോന്നല്‍ നമ്മില്‍ ഉളവാക്കാറുണ്ട.് യിസ്രായേല്യര്‍, അവരുടെ ഇടയിലുള്ള പരദേശികളുമായി അനുഭവിച്ചതുപോലെയുള്ള അനുഭവം നമുക്ക് എപ്പോഴും ഉണ്ടാകാറില്ല. എങ്കിലും, ദൈവം നമ്മെ നമ്മുടെ പാതയില്‍ കൊണ്ടുവരുന്നവരോട്, നമ്മോടു മറ്റുള്ളവര്‍ എങ്ങനെ പെരുമാറണം എന്നു നാം ആഗ്രഹിക്കുന്ന അതേ ബഹുമാനത്തോടും തിരിച്ചറിവോടും കൂടെ പെരുമാറാന്‍ നമുക്കു കഴിയും. അതൊരു ആധുനികകാല മിഡില്‍സ്കൂള്‍ വിദ്യാര്‍ത്ഥിയോ, ഒരു യിസ്രായേല്യനോ, അല്ലെങ്കില്‍ അതിനിടയിലുള്ള ആരെങ്കിലുമോ ആണെങ്കിലും, നാം അങ്ങനെ ചെയ്യുമ്പോള്‍, ദൈവത്തെ ബഹുമാനിക്കുകയാണു ചെയ്യുന്നത്.
പ്രഭാതമാണ് എന്ന നിലയില്‍ ജീവിക്കുക
സമയമേഖലയ്ക്കപ്പുറത്തേക്ക് എനിക്കു വിമാനമാര്‍ഗ്ഗം സഞ്ചരിക്കേണ്ടിവരുമ്പോള്‍, ജെറ്റ് ലാഗ് (ഒന്നിലധികം ടൈം സോണുകളിലൂടെ അതിവേഗം സഞ്ചരിക്കുമ്പോള്‍ ഉറക്കത്തിനു നേരിടുന്ന തടസ്സവും തന്മൂലമുണ്ടാകുന്ന ശാരീരികാസ്വസ്ഥതകളുമാണു ജെറ്റ് ലാഗ്) ഒഴിവാക്കാന്‍ ഞാന്‍ വിവിധ പരിഹാരങ്ങള്‍ പരീക്ഷിക്കുന്നു. ഞാന്‍ അവയെല്ലാം ഇതിനകം പരീക്ഷിച്ചു കഴിഞ്ഞു! ഒരവസരത്തില്‍, വിമാനത്തിനുള്ളില്‍വെച്ചു കഴിക്കേണ്ടുന്ന ഭക്ഷണം, ഞാന്‍ പോകുന്ന സമയ മേഖലയിലേക്കു നീട്ടിവയ്്ക്കാന് ഞാന്‍ തീരുമാനിച്ചു. മറ്റു യാത്രക്കാരോടൊപ്പം അത്താഴം കഴിക്കുന്നതിനുപകരം, ഞാന്‍ ഒരു സിനിമ കാണുകയും ഉറങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട ഉപവാസം ബുദ്ധിമുട്ടായിരുന്നു, ഞങ്ങള്‍ ഇറങ്ങുന്നതിനു തൊട്ടുമുമ്പു വന്ന പ്രഭാതഭക്ഷണം അത്യധികം കൊതിപ്പിക്കുന്നതായിരുന്നു. എന്നാല്‍ എനിക്ക് ചുറ്റുമുള്ളവരില്നിന്നു വ്യത്യസ്തമായി ജീവിക്കുന്നത് ഫലം കണ്ടു. അതെന്റെ ശരീരഘടികാരത്തെ ഒരു പുതിയ സമയ മേഖലയിലേക്ക് അനായാസം മാറ്റി.
യേശുവിലുള്ള വിശ്വാസികള്‍ തങ്ങളുടെ ജീവിതത്തില്‍ യേശുവിനെ യഥാര്‍ത്ഥമായി പ്രതിഫലിപ്പിക്കണമെങ്കില്‍, അവര്‍ ചുറ്റുമുള്ള ലോകത്തില്‍നിന്നു വ്യത്യസ്തമായി ജീവിക്കേണ്ടതുണ്ടെന്നു പൗലൊസിന് അറിയാമായിരുന്നു. അവര്‍ ഒരുകാലത്ത് അവര്‍ ഇരുളായിരുന്നു, എന്നാല്‍ ഇപ്പോള്‍ അവര്‍ 'വെളിച്ചത്തിന്റെ മക്കളായി' ജീവിക്കണം (എഫെസ്യര്‍ 5:8). അത് എങ്ങനെയിരിക്കും? പൗലൊസ് ആ ചിത്രം ഇപ്രകാരം പൂരിപ്പിക്കുന്നു: 'സകല സത്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം' (വാ. 10).
അത്താഴസമയത്തു ഞാന്‍ ഉറങ്ങിയത് എന്റെ സഹയാത്രികരെ സംബന്ധിച്ചു ഭോഷത്തമായി തോന്നിയേക്കാം, എന്നു മാത്രമല്ല, ലോകത്തില്‍ അത് അര്‍ദ്ധരാത്രി ആയിരിക്കുമെങ്കിലും, വിശ്വാസികള്‍ എന്ന നിലയില്‍ അതു പ്രഭാതമാണ് എന്നതുപോലെ ജീവിക്കാന്‍ ദൈവം നമ്മെ വിളിക്കുന്നു. ഇതു പരിഹാസവും എതിര്‍പ്പും ഉളവാക്കിയേക്കാം, എന്നാല്‍ 'ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താന്‍ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അര്‍പ്പിച്ചതുപോലെ,' യേശുവില്‍ നമുക്ക് 'സ്നേഹത്തില്‍ നടക്കുവാന്‍' കഴിയും (വാ. 2).
വിശ്വാസത്തിന്റെ ജ്വലിപ്പിക്കല്‍
പ്രത്യേക ജന്മദിനവസ്ത്രം വാങ്ങാനായി ഞാനും കൊച്ചുമകനും കൈകോര്‍ത്തുകൊണ്ട് പാര്‍ക്കിങ് സ്ഥലത്തുകൂടി നടന്നു. ഇപ്പോള്‍ ഒരു പ്രീസ്കൂളില്‍ പഠിക്കുന്ന അവന്, എല്ലാ കാര്യങ്ങളിലും ആവേശഭരിതനായിരുന്നു. അവന്റെ സന്തോഷത്തെ ആനന്ദമാക്കി മാറ്റാന്‍ ഞാന്‍ തീരുമാനിച്ചു. 'മുത്തശ്ശിമാര്‍ ധാരാളം ഫ്രോസ്റ്റിങ്ങുള്ള അമ്മമാരാണ്' എന്നെഴുതിയ ഒരു കോഫി മഗ് ഞാന്‍ കണ്ടു. ഫ്രോസ്റ്റിങ് വിനോദത്തിനും തിളക്കത്തിനും സന്തോഷത്തിനും തുല്യമാണ്! അതാണ് അവന്റെ മുത്തശ്ശിയെന്ന നിലയിലുള്ള എന്റെ ജോലി, അല്ലേ? അതും അതിലധികവും.
തന്റെ ആത്മീയപുത്രനായ തിമൊഥെയൊസിന് എഴുതിയ രണ്ടാമത്തെ കത്തില്‍, പൗലൊസ് തിമൊഥെയൊസിന്റെ നിര്‍വ്യാജ വിശ്വാസത്തെ പ്രകീര്‍ത്തിക്കുന്നു. തുടര്‍ന്ന് അതിന്റെ പാരമ്പര്യത്തിന്റെ ക്രെഡിറ്റ് തിമൊഥെയൊസിന്റെ മുത്തശ്ശി ലോവീസിനും അമ്മ യൂനിക്കയ്ക്കും (2 തിമൊഥെയൊസ് 1:5) നല്കുന്നു. തിമൊഥെയൊസും യേശുവില്‍ വിശ്വസിക്കുന്ന തരത്തില്‍ ഈ സ്ത്രീകള്‍ തങ്ങളുടെ വിശ്വാസം അനുസരിച്ചു ജീവിച്ചു. തീര്‍ച്ചയായും, ലോവീസും യൂനിസും തിമൊഥെയൊസിനെ സ്നേഹിക്കുകയും അവന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്തു. എന്നാല്‍ വ്യക്തമായും അവര്‍ കൂടുതല്‍ ചെയ്തു. പില്ക്കാലത്ത് തിമൊഥെയൊസില്‍ വസിക്കുന്ന വിശ്വാസത്തിന്റെ ഉറവിടമായി, പൗലൊസ് അവരില്‍ വസിക്കുന്ന വിശ്വാസത്തെ ചൂണ്ടിക്കാണിക്കുന്നു.
ഒരു മുത്തശ്ശി എന്ന നിലയിലുള്ള എന്റെ ജോലിയില്‍, ഒരു ജന്മദിനവസ്ത്രത്തിന്റെ 'ഫ്രോസ്റ്റിങ്'' നിമിഷം ഉള്‍പ്പെടുന്നു. എന്നാല്‍ അതിലുപരിയായി, ഞാന്‍ എന്റെ വിശ്വാസം പങ്കിടുമ്പോഴും ചിക്കന്‍ ബിരിയാണിക്ക് മുമ്പില്‍ തല വണക്കി നന്ദി പറയുമ്പോഴും, ആകാശത്തില്‍ രൂപംകൊള്ളുന്ന മാലാഖരൂപങ്ങളെ ദൈവത്തിന്റെ കലാസൃഷ്ടികളായി ചൂണ്ടിക്കാണിക്കുമ്പോഴും, റ്റെലിവിഷനില് യേശുവിനെക്കുറിച്ചുള്ള ഒരു ഗാനത്തിനൊപ്പം മൂളുമ്പോഴും ഞാന്‍ അവന്റെ വിശ്വാസത്തിന്മേല് കൂടുതല്‍ മധുരവും ഭംഗിയും ചേര്‍ക്കുകയാണു ചെയ്യുന്നത്. നമുക്കുള്ളത് മറ്റുള്ളവരും ആഗ്രഹിക്കത്തനിലയില്‍ നമ്മുടെ വിശ്വാസം നമ്മുടെ ജീവിതത്തിലെ ഫ്രോസ്റ്റിങ് ആയി മാറുവാന്‍ ലോവീസിനെയും യൂനീക്കയെയും പോലുള്ള മുത്തശ്ശിമാരുടെയും അമ്മമാരുടെയും മാതൃകയില്‍ നിന്ന് നമുക്കു പ്രചോദനം ഉള്‍ക്കൊള്ളാം.
ഏറ്റവും ചെറിയവനെ സേവിക്കുക
അവന്റെ പേരു സ്പെന്‍സര്‍ എന്നാണ്. എന്നാല്‍ എല്ലാവരും അവനെ 'സ്പെന്‍സ്' എന്നാണു വിളിക്കുന്നത്. ഹൈസ്കൂളില്‍ അവന് സ്റ്റേറ്റ് ട്രാക്ക് ചാമ്പ്യനായിരുന്നു; തുടര്‍ന്ന് അവന് ഒരു മുഴു അക്കാദമിക് സ്കോളര്‍ഷിപ്പോടെ, പ്രശസ്തമായ ഒരു സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. അവനിപ്പോള്‍ കെമിക്കല്‍ എഞ്ചിനീയറിങ് രംഗത്തു വളരെയധികം ബഹുമാനിക്കപ്പെടുന്ന ഒരാളായി അമേരിക്കയിലെ വന്‍ നഗരങ്ങളിലൊന്നില്‍ പാര്‍ക്കുന്നു. എന്നാല്‍ ഇന്നുവരെയുള്ള അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങള്‍ എന്താണെന്നു നിങ്ങള്‍ സ്പെന്സിനോടു ചോദിച്ചാല്‍, അദ്ദേഹം അവയൊന്നും പരാമര്‍ശിക്കയില്ല. മറിച്ച് മറ്റൊരു രാജ്യത്തെ ഏറ്റവും ദരിദ്രമേഖലകളില്‍ രൂപീകരിക്കാന്‍ താന്‍ സഹായിച്ച ട്യൂഷന് പ്രോഗ്രാമുകളിലെ കുട്ടികളെയും അധ്യാപകരെയും പരിശോധിക്കുന്നതിനായി ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ ആ രാജ്യത്തേക്കു നടത്തുന്ന യാത്രകളെക്കുറിച്ച് അദ്ദേഹം ആവേശപൂര്‍വ്വം നിങ്ങളോടു പറയും. അവരെ സേവിക്കുന്നതിലൂടെ തന്റെ ജീവിതം എത്രമാത്രം സമ്പന്നമായി എന്ന കാര്യം അദ്ദേഹം പറയും.
“ഇവയില്‍ ഏറ്റവും ചെറിയത്.’’ ആളുകള്‍ പലവിധത്തില്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണിത്, എന്നിട്ടും ലോക മാനദണ്ഡങ്ങള്‍ക്കനുസൃതമായി, നമ്മുടെ സേവനത്തിനു പകരമായി ഒന്നും തിരികെ നല്കാന് കഴിയാത്തവരെ അല്ലെങ്കില്‍ ഇല്ലാത്തവരെ വിവരിക്കാന്‍ യേശു ഇതുപയോഗിച്ചു. ലോകം പലപ്പോഴും അവഗണിക്കുന്ന - അല്ലെങ്കില്‍ പൂര്‍ണ്ണമായും മറക്കുന്ന - പുരുഷന്മാരും സ്ത്രീകളും കുട്ടികളുമാണ് അവര്‍. എന്നിട്ടും, 'എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില് ഒരുത്തനു നിങ്ങള്‍ ചെയ്തിടത്തോളം എല്ലാം എനിക്കു ചെയ്തു' (മത്തായി 25:40) എന്നു പറഞ്ഞുകൊണ്ടാണ് യേശു അവരെ ഇത്രയും മനോഹരമായ പദവിയിലേക്ക് ഉയര്‍ത്തുന്നത്. ക്രിസ്തു പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ നിങ്ങള്‍ പ്രശസ്തമായ ഒരു സര്‍വകലാശാലയില്‍നിന്നു ബിരുദം നേടണമെന്നില്ല: 'ഏറ്റവും ചെറിയവരെ' സേവിക്കുന്നത് അവനെ സേവിക്കുന്നതിനു തുല്യമാണ്. അതിനു മനസ്സുള്ള ഒരു ഹൃദയമാണ് ശരിക്കും വേണ്ടത്.
തികവില്ലാത്ത പദ്ധതികള്‍
ഒരു പുതിയ കമ്മ്യൂണിറ്റി സെന്ററിന്റെ താഴത്തെ നിലയിലുള്ള ഒരു ലൈബ്രറി ഞാന്‍ പുസ്തകങ്ങള്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍, മുറിയെ കുലുക്കിക്കൊണ്ട് എന്തോ പൊട്ടിത്തകരുന്ന ശബ്ദം മുകളില്‍നിന്നു കേട്ടു. അല്പസമയത്തിനുശേഷം അതു വീണ്ടും സംഭവിച്ചു, പിന്നീട് വീണ്ടും. അസ്വസ്ഥനായ ലൈബ്രേറിയന്‍ ഒടുവില്‍ വിശദീകരിച്ചു: ഒരു ഭാരോദ്വഹനസ്ഥാപനം ലൈബ്രറിക്കു നേരെ മുകളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും, ആരെങ്കിലും ഭാരം താഴേക്കിടുമ്പോഴെല്ലാം ഈ ശബ്ദം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കിടെക്റ്റുകളും ഡിസൈനര്‍മാരും ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്താണ് ഈ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതെങ്കിലും, ഇത്തരം ശബ്ദകോലാഹലങ്ങള്‍ ഉള്ളിടത്തുനിന്നകലെ വായനശാല ക്രമീകരിക്കുന്ന കാര്യം ആരോ മറന്നുപോയി!
ജീവിതത്തിലും നമ്മുടെ പദ്ധതികള്‍ പലപ്പോഴും പരാജയപ്പെടാറുണ്ട്. പ്രധാനപ്പെട്ട പരിഗണനകള്‍ നമ്മള് അവഗണിക്കുന്നു. നമ്മുടെ പദ്ധതികള്‍ എല്ലായ്പ്പോഴും അപകടങ്ങള്‍ക്കോ ആശ്ചര്യങ്ങള്‍ക്കോ കാരണമാകണമെന്നില്ല. സാമ്പത്തികപരാജയങ്ങള്‍, സമയനഷ്ടം, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ ആസൂത്രണം നമ്മെ സഹായിക്കുന്നുണ്ടെങ്കിലും, ഏറ്റവും ആസൂത്രിതമായ തന്ത്രങ്ങള്‍ക്കുപോലും നമ്മുടെ ജീവിതത്തില്‍നിന്ന് എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാക്കാന്‍ കഴിയില്ല. നാം ജീവിക്കുന്നത് ഏദനുശേഷമുള്ള ഒരു ലോകത്താണ്.
ദൈവത്തിന്റെ സഹായത്തോടെ, ഭാവിയെ വിവേകപൂര്‍വ്വം പരിഗണിക്കുന്നതും (സദൃശവാക്യങ്ങള്‍ 6:6-8) പ്രതിസന്ധികളോടു പ്രതികരിക്കുന്നതും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്താന്‍ നമുക്കു കഴിയും. നമ്മുടെ ജീവിതത്തിലേക്ക് അവിടുന്ന് അനുവദിക്കുന്ന കഷ്ടതയ്ക്ക് പലപ്പോഴും ദൈവത്തിന് ഒരു ലക്ഷ്യമുണ്ട്. നമ്മില്‍ ക്ഷമ വളര്‍ത്തുന്നതിനോ നമ്മുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനോ, അല്ലെങ്കില്‍ നമ്മെ അവിടുത്തോട് അടുപ്പിക്കുന്നതിനോ അവിടുന്ന് അതിനെ ഉപയോഗിച്ചേക്കാം. 'മനുഷ്യന്റെ ഹൃദയത്തില്‍ പല വിചാരങ്ങളും ഉണ്ട്; യഹോവയുടെ ആലോചനയോ നിവൃത്തിയാകും'' (സദൃശവാക്യങ്ങള്‍ 19:21) എന്നു ബൈബിള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ ലക്ഷ്യങ്ങളും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും യേശുവിനു സമര്‍പ്പിക്കുമ്പോള്‍, നമ്മിലും നമ്മിലൂടെയും അവിടുന്ന് എന്താണു പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നതെന്ന് അവിടുന്നു കാണിച്ചുതരും.